കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. എച്ച്.ഡി.എഫ്.സി, ആക്സിസ്, ഐ.സി.ഐ.സി.ഐ, ഐ.ഡി.ബി.ഐ തുടങ്ങിയ അംഗീകൃത ബാങ്കുകളുടെ ശാഖകൾ വഴിയോ പോസ്റ്റ് ഓഫീസുകൾ വഴിയോ ഈ അക്കൗണ്ട് തുടങ്ങാവുന്നതാണ്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ നേരിട്ട് പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് മൊബൈൽ ആപ്പ് വഴി പണം നിക്ഷേപിക്കാനും അക്കൗണ്ട് കൈകാര്യം ചെയ്യാനും സാധിക്കും.
സുകന്യ സമൃദ്ധി യോജനയുടെ ലക്ഷ്യങ്ങൾ
പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ കുടുംബങ്ങളെ പര്യാപ്തമാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് സുകന്യ സമൃദ്ധി യോജന രൂപീകരിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്ന കാര്യങ്ങൾ ചുവടെ നൽകുന്നു:
- പെൺകുട്ടികളുടെ ഉപരിപഠനം, വിവാഹം എന്നിവ മുൻനിർത്തി തുടക്കത്തിൽ തന്നെ കൃത്യമായി പണം സമ്പാദിക്കാൻ രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
- കേന്ദ്രസർക്കാർ ഗ്യാരന്റിയുള്ള നിക്ഷേപമായതിനാൽ, വിപണിയിലെ ഉയർച്ച താഴ്ചകൾ ഈ നിക്ഷേപത്തെ ബാധിക്കില്ല. സാധാരണയായി മറ്റ് ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങൾ, പി.പി.എഫ് എന്നിവയേക്കാൾ ഉയർന്ന പലിശനിരക്കാണ് ഈ പദ്ധതിക്ക് ലഭിക്കാറുള്ളത്.
- നികുതി ഇളവുകളും തുടക്കം മുതൽ തന്നെ ഈ പദ്ധതിയുടെ ഭാഗമായുണ്ട്. നിക്ഷേപങ്ങൾക്ക് സെക്ഷൻ 80സി പ്രകാരം ഇളവ് ലഭിക്കുന്നത്, ഉയർന്ന വരുമാനക്കാർ മാത്രമല്ല, എല്ലാ തട്ടിലുള്ള കുടുംബങ്ങൾക്കും ഇതിൽ പങ്കാളികളാകാവാനുള്ളൊരു കാരണമാണ്.
- രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകൾ വഴിയും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഈ തീരുമാനം ബാങ്ക് ശാഖകൾ ഇല്ലാത്ത പ്രദേശങ്ങളിലെ കോടിക്കണക്കിന് കുടുംബങ്ങളിലേക്ക് ഈ പദ്ധതി എത്തിക്കാൻ സഹായിച്ചു.
- ഇതിലെല്ലാമുപരിയായി ഇതിന്റെ പിന്നിലൊരു വലിയ സാമൂഹിക ലക്ഷ്യമുണ്ട്. ഒരു കുടുംബം സുകന്യ സമൃദ്ധി യോജനയിലൊരു അക്കൗണ്ട് തുറക്കുമ്പോൾ ചെറിയതോതിലെങ്കിലും അവരുടെ മകളുടെ ഭാവിയിലേക്കാണ് നിക്ഷേപം നടത്തുന്നത്. ഇതായിരുന്നു ഇതിന്റെ പ്രധാനലക്ഷ്യവും.
സുകന്യ സമൃദ്ധി യോജനയുടെ പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും
- ഉയർന്ന പലിശനിരക്ക്: സുകന്യ സമൃദ്ധി യോജനയുടെ 2026-27 സാമ്പത്തിക വർഷം, ആദ്യ പാദത്തിലെ (ഏപ്രിൽ–ജൂൺ 2026) പലിശനിരക്ക് പ്രതിവർഷം 8.2 ശതമാനമാണ്. ഈ പലിശ വർഷാവസാനം നിക്ഷേപത്തോട് ചേർക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയം കൃത്യമായ ഇടവേളകളിൽ പുതുക്കുന്ന ഈ പലിശനിരക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഭൂരിഭാഗം ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ,എന്നിവയെക്കാൾ ഉയർന്നതായിരിക്കും.
- ട്രിപ്പിൾ ടാക്സ് എക്സെംപ്ഷൻ : ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപ വരെ ഈ പദ്ധതിയിലെ നിക്ഷേപങ്ങൾക്ക് ഇളവിന് അർഹതയുണ്ട്. കൂടാതെ, ഓരോ വർഷവും ലഭിക്കുന്ന പലിശയ്ക്ക് സെക്ഷൻ 10 പ്രകാരം നികുതി ഇളവുമുണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ തിരികെ ലഭിക്കുന്ന തുകയും പൂർണ്ണമായും നികുതിരഹിതമാണ്.
- നിക്ഷേപ പരിധി: അക്കൗണ്ട് സജീവമായി നിലനിർത്താൻ ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കണം. കൂടാതെ, ഒരു വർഷം നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്.
- കൂട്ടുപലിശയുടെ ഗുണം: പലിശ വർഷാവർഷം നിക്ഷേപത്തിലേക്ക് കൂട്ടി ചേർക്കുന്നത് കൊണ്ട്, ഓരോ മാസവും നിക്ഷേപിക്കുന്ന ചെറിയ തുക പോലും 21 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ വലിയ സമ്പാദ്യമായി വളരുന്നു.
- വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള പിൻവലിക്കൽ: പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ അല്ലെങ്കിൽ പത്താം ക്ലാസ് പാസാകുമ്പോഴോ, ഉപരിപഠന ചെലവുകൾക്കായി മുൻ സാമ്പത്തിക വർഷത്തെ ആകെ സമ്പാദ്യത്തിന്റെ 50 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും.
- സൗജന്യ അക്കൗണ്ട് കൈമാറ്റം: ജോലി മാറ്റമോ മറ്റ് കാരണങ്ങളാലോ രക്ഷിതാക്കൾക്ക് താമസം മാറേണ്ടി വന്നാൽ, ഇന്ത്യയിലുടനീളമുള്ള പോസ്റ്റ് ഓഫീസുകളിലേക്കോ ബാങ്കിലേക്കോ ഈ അക്കൗണ്ട് ചിലവില്ലാതെ മാറ്റാൻ സാധിക്കും.
- കാലാവധി പൂർത്തിയായ ശേഷമുള്ള പലിശ: നിശ്ചിത കാലാവധിക്ക് ശേഷവും അക്കൗണ്ട് ക്ലോസ് ചെയ്തില്ലെങ്കിൽ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിന് കിട്ടുന്ന പലിശ ഈ നിക്ഷേപത്തിന് തുടർന്നും ലഭിക്കും. ഇത് വഴി നിക്ഷേപകന് പലിശയിനത്തിൽ യാതൊരു നഷ്ടവും സംഭവിക്കുന്നില്ല.
സുകന്യ സമൃദ്ധി യോജനയുടെ യോഗ്യതാ മാനദണ്ഡങ്ങൾ
| മാനദണ്ഡങ്ങൾ |
വിവരങ്ങൾ |
| പെൺകുട്ടിയുടെ പ്രായം |
പെൺകുട്ടി ജനിച്ച് 10 വയസ്സ് തികയുന്നത് വരെയുള്ള കാലയളവിൽ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. |
| താമസം/പൗരത്വം |
അക്കൗണ്ട് തുറക്കുന്ന സമയത്ത് പെൺകുട്ടി ഇന്ത്യൻ പൗരയും ഇന്ത്യയിൽ സ്ഥിരതാമസക്കാരിയുമാവണം. അക്കൗണ്ടിന്റെ കാലാവധി പൂർത്തിയാകുന്നത് വരെയോ ക്ലോസ് ചെയ്യുന്നത് വരെയോ ഈ യോഗ്യത നിലനിർത്തണം. |
| അക്കൗണ്ടുകളുടെ എണ്ണം |
ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ പാടുളളൂ. ഒരു രക്ഷിതാവിന് പരമാവധി രണ്ട് പെൺമക്കൾക്കായി രണ്ട് അക്കൗണ്ടുകൾ വരെ തുടങ്ങാം. എന്നാൽ ഇരട്ടക്കുട്ടികളോ മൂന്ന് കുട്ടികളോ ഒരുമിച്ച് ജനിക്കുന്ന സാഹചര്യങ്ങളിൽ മൂന്നാമതൊരു അക്കൗണ്ട് കൂടി അനുവദിക്കുന്നതാണ്. |
| അക്കൗണ്ട് കൈകാര്യം ചെയ്യൽ |
പെൺകുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ അക്കൗണ്ട് കൈകാര്യം ചെയ്യാം. അതിനുശേഷം ആവശ്യമായ രേഖകൾ സമർപ്പിച്ച് പെൺകുട്ടിക്ക് സ്വയം അക്കൗണ്ട് കൈകാര്യം ചെയ്യാവുന്നതാണ്. |
സുകന്യ സമൃദ്ധി യോജനയ്ക്ക് ആവശ്യമായ രേഖകൾ
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുടങ്ങുന്നതിനായി താഴെ പറയുന്ന രേഖകൾ ആവശ്യമാണ്.
- സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഓപ്പണിംഗ് ഫോം (ഇത് പോസ്റ്റ് ഓഫീസുകളിലോ ബാങ്കുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലോ ലഭ്യമാണ്.).
- പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്.
- രക്ഷിതാവിന്റെയും പെൺകുട്ടിയുടെയും പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ.
- രക്ഷിതാവിന്റെ തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട്)
- രക്ഷിതാവിന്റെ മേൽവിലാസം തെളിയിക്കുന്ന രേഖ.
- പോസ്റ്റ് ഓഫീസോ ബാങ്കോ ആവശ്യപ്പെടുന്ന മറ്റ് കെ.വൈ.സി രേഖകൾ.
സുകന്യ സമൃദ്ധി യോജനയ്ക്ക് എങ്ങനെ അപേക്ഷിക്കാം
അപേക്ഷാ നടപടികൾ പൂർണ്ണമായും ഓഫ്‌ലൈൻ ആണ്, ഇതിനായി ശാഖ നേരിട്ട് സന്ദർശിക്കണം:
- എസ്.ബി.ഐ, പി.എൻ.ബി, ബാങ്ക് ഓഫ് ബറോഡ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ അംഗീകൃത ബാങ്ക് ശാഖകളോ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസോ സന്ദർശിക്കുക.
- സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഓപ്പണിംഗ് ഫോം വാങ്ങി പെൺകുട്ടിയുടെ വിവരങ്ങളും രക്ഷിതാവിന്റെ വിവരങ്ങളും പൂരിപ്പിക്കുക.
- ആവശ്യമായ എല്ലാ രേഖകളും സഹിതം ഫോം സമർപ്പിച്ച്, കുറഞ്ഞത് 250 രൂപയുടെ ആദ്യ നിക്ഷേപം നടത്തുക.
- നിക്ഷേപങ്ങളുടെയും പലിശയുടെയും ഔദ്യോഗിക രേഖയായ പാസ്ബുക്ക് കൈപ്പറ്റുക.
- തുടർന്നുള്ള നിക്ഷേപങ്ങൾക്കായി, പാസ്ബുക്ക് ഉപയോഗിക്കുക. അക്കൗണ്ട് പോസ്റ്റ് ഓഫീസിലാണെങ്കിൽ ഐ.പി.പി.ബി മൊബൈൽ ആപ്ലിക്കേഷൻ വഴി ഓട്ടോമാറ്റിക് പേയ്‌മെന്റ് സൗകര്യം സജ്ജീകരിക്കുക.
കാലാവധിക്ക് മുൻപ് അക്കൗണ്ട് പിൻവലിക്കൽ
സുകന്യ സമൃദ്ധി യോജന അക്കൗണ്ട്, തുടങ്ങിയത് മുതൽ 21 വർഷത്തേക്കാണ് നിലനിൽക്കുന്നത്. 18 വയസ്സ് തികഞ്ഞ്, അക്കൗണ്ട് ഉടമയായ പെൺകുട്ടിയുടെ വിവാഹം, പെൺകുട്ടിയുടെ അകാല മരണം (ഈ സാഹചര്യത്തിൽ, മരണ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അക്കൗണ്ടിലെ തുക രക്ഷിതാവിന് നൽകും), അക്കൗണ്ട് ഉടമയെ ബാധിക്കുന്ന അടിയന്തിര ആരോഗ്യ സാഹചര്യങ്ങൾ, രക്ഷിതാവിന്റെ മരണം എന്നിങ്ങനെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ അക്കൗണ്ട് കാലാവധിക്ക് മുൻപായി ക്ലോസ് ചെയ്യാൻ അനുമതിയുണ്ട്. ഈ നിബന്ധനകളൊന്നും പാലിക്കാതെ, കാലാവധിക്ക് മുൻപ് അക്കൗണ്ട് പിൻവലിച്ചാൽ സുകന്യ സമൃദ്ധി യോജന പലിശയെക്കാൾ കുറഞ്ഞ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് പലിശ നിരക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
സംഗ്രഹം
ഈ കാലഘട്ടത്തിൽ, ഇന്ത്യയിലെ കുടുംബങ്ങൾക്ക് ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ലാഭം നൽകുന്ന ഒരു സർക്കാർ സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 8.2% കൂട്ടുകൂട്ടുപലിശ നിരക്ക്, നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും കാലാവധി കഴിഞ്ഞ് പിൻവലിക്കുന്ന തുകയ്ക്കും പൂർണ്ണ നികുതിയിളവ് നൽകുന്ന ഇ.ഇ.ഇ നികുതി വ്യവസ്ഥ, മുതലിനും പലിശയ്ക്കും ലഭിക്കുന്ന സർക്കാർ ഗ്യാരണ്ടി തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഈ പദ്ധതി പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും മുൻകൂട്ടി പ്ലാൻ ചെയ്യാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് അനുയോജ്യമാണ്. ചെറിയ തുകകളിൽ തുടങ്ങി എത്രയും നേരത്തെ നിക്ഷേപം ആരംഭിക്കുന്നത്, 21 വർഷത്തിന് ശേഷം അക്കൗണ്ട് കാലാവധി പൂർത്തിയാകുമ്പോൾ വലിയൊരു തുക സമ്പാദ്യമായി ലഭിക്കാൻ സഹായിക്കും.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
-
സുകന്യ സമൃദ്ധി യോജനയുടെ നിലവിലെ പലിശ നിരക്ക് എത്രയാണ്?
2026-27 സാമ്പത്തിക വർഷം, സുകന്യ സമൃദ്ധി യോജനയുടെ ഒന്നാം പാദത്തിലെ (ഏപ്രിൽ-ജൂൺ 2026) പലിശ നിരക്ക് പ്രതിവർഷം 8.2 ശതമാനമാണ്. ഇത് കൂട്ടുകൂട്ടുപലിശ രീതിയിലാണ് കണക്കാക്കുന്നത്. ധനകാര്യ മന്ത്രാലയം ഓരോ പാദത്തിലും ഈ പലിശ നിരക്കുകൾ പുനഃപരിശോധിക്കുകയും പുതുക്കിയ നിരക്കുകൾ അറിയിക്കുകയും ചെയ്യാറുണ്ട്.
-
ദത്തെടുത്ത പെൺകുട്ടിയുടെ പേരിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുമോ?
സാധിക്കും. ദത്ത് നിയമപരവും കുട്ടിക്ക് അക്കൗണ്ട് തുടങ്ങുന്ന സമയത്ത് പ്രായം പത്തിന് താഴയാണെങ്കിലും രക്ഷിതാവിന് കുട്ടിയുടെ പേരിൽ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
-
ഒരു സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക നല്കാൻ സാധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
ഒരു വർഷം നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുകയായ 250 രൂപ അടച്ചില്ലെങ്കിൽ അടവ് മുടങ്ങിയതായി കണക്കാക്കും. അക്കൗണ്ട് വീണ്ടും സജീവമാക്കുന്നതിന്, മുടങ്ങിയ ഓരോ വർഷത്തിനും 50 രൂപ വീതം പിഴയും അതോടൊപ്പം ആ വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുകയും ഒരുമിച്ച് അടയ്‌ക്കേണ്ടതുണ്ട്.
-
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ സാധിക്കുമോ?
സാധിക്കും. ഇന്ത്യയിലെവിടെയുമുള്ള ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസിലേക്കോ, പോസ്റ്റ് ഓഫീസിൽ നിന്ന് ബാങ്കിലേക്കോ അല്ലെങ്കിൽ തിരിച്ചോ ഈ അക്കൗണ്ട് മാറ്റാൻ സാധിക്കുന്നതാണ്. താമസം മാറിയതിന്റെ രേഖകൾ സമർപ്പിക്കുകയാണെങ്കിൽ അക്കൗണ്ട് മാറ്റുന്നത് തികച്ചും സൗജന്യമായിരിക്കും.
-
സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന്റെ കാലാവധി പൂർത്തിയാകുന്നത് എന്നാണ്?
അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 21 വർഷം തികയുമ്പോഴാണ് ഇതിന്റെ കാലാവധി പൂർത്തിയാകുന്നത്. അല്ലെങ്കിൽ, പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞ ശേഷം വിവാഹവുമായി ബന്ധപ്പെട്ട്, കാലാവധിയെത്തും മുൻപ് തന്നെ ഈ അക്കൗണ്ട് ക്ലോസ് ചെയ്യാം.